മൂന്നാര്‍ : ചായയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് ചെന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. ടോപ് സ്റ്റേഷനില്‍ ഹോടെല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ് ശാന്‍ (20), ഡിനില്‍ (22) എന്നിവരെയാണ് എസ്‌ഐ സാഗറിന്റെ നേത്യത്വത്തിലുള്ള മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് കേസിനാസ്പദമായി സംഭവം. മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ ശനിയാഴ്ച സിയാദിന്റെ ബസിലാണ് ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയത്. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹില്‍ടോപ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. എന്നാല്‍ ചായയ്ക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം വിട്ടു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്ന് വിനോദസഞ്ചാരികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എട്ടുപേരടങ്ങുന്ന സംഘത്തിലെ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിയാദിന് കഴുത്തിലും അര്‍ശിദിന് മൂക്കിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.