ചെന്നൈ: തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. കീടനാശിനി കഴിച്ചാണ് നാല് പേരും മരിച്ചത്. സേലം സിറ്റിയിലെ അമ്മപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊന്നംപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്.
വി മുരുഗന്‍(38), ഭാര്യ കോകില(35), മക്കളായ കാര്‍ത്തിക്(12), വസന്ത കുമാര്‍(15) എന്നിവരാണ് മരിച്ചത്. നാല് പേരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖരന്‍, ക്രൈം ആന്റ് ട്രാഫിക് ഉദ്യോഗസ്ഥന്‍ സെന്തില്‍ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തിയാണ് വാതില്‍ പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും ആത്മഹത്യാകുറിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുരുഗന്റേയും കോകിലയുടേയും മൂത്ത മകന്‍ മദന്‍ കുമാര്‍(17) കാന്‍സര്‍ ബാധിച്ച് മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. മൂത്ത മകന്‍ മരിച്ചതിലുള്ള മാനസിക വിഷമത്തിലാണ് രണ്ട് മക്കള്‍ക്കൊപ്പം രക്ഷിതാക്കളും ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. മദന്‍ കുമാര്‍ അടക്കം മൂന്ന് ആണ്‍മക്കളാണ് ഇരുവര്‍ക്കുമുണ്ടായിരുന്നത്. മദന്‍ കുമാറിന്റെ മരണത്തിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു കുടുംബം. നാല് പേരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)