പട്ന : തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാൽ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം മറ്റൊരാളുടേതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ‘മരിച്ചയാൾ’ ജീവനോടെ ആശുപത്രിയിൽ തന്നെയുണ്ടെന്നു വ്യക്തമായത്.
ഏപ്രിൽ 3നായിരുന്നു 40കാരൻ ചുന്നു കുമാറിനെ പട്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ.എസ്. ഠാക്കൂർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.