റാസൽഖൈമ: യുഎഇയിൽ 40കാരനെ വധശിക്ഷയ്ക്ക് വിധിച്ച് റാക് കോടതി. ഗർഭിണിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയ കൊമോറിയൻ പൗരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ, ഇയാൾക്ക് മാനസിക രോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ അപ്പീൽ പരിഗണിച്ച് കോടതി മാനസികാരോഗ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ആദ്യ കൊലപാതകം നടന്നത് 2010ലാണ്. കുടുംബ വഴക്കിനെ തുടർന്നാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത്. അവർ കൊലപ്പെടുമ്പോൾ ഗർഭിണിയായിരുന്നു. പ്രതിക്കെതിരെ കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഭാര്യയുടെ കുടുംബവുമായി ദിയാധന ഒത്തുതീർപ്പ് നടത്തി വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
പൊതുനിയമം ലംഘിച്ചതിന് അഞ്ച് വർഷത്തെ തടവിന് ശേഷം ഇയാളെ വിട്ടയച്ചു. ശേഷം രണ്ടാമത് മറ്റൊരു അറബ് സ്ത്രീയെ വിവാഹം കഴിച്ചു. ഇതിൽ ഇരുവർക്കും ഒരു മകൾ ഉണ്ടായിരുന്നു. എന്നാൽ പിരിമുറുക്കവും ഇടയ്ക്കിടെയുള്ള വേർപിരിയലുകളും നിറഞ്ഞതായിരുന്നു ദാമ്പത്യം.
ഇതേതുടർന്ന് പലപ്പോഴും പ്രതി ദീർഘനാളുകളോളം വീട് വിട്ട് കഴിയുമായിരുന്നു. ഇതിനിടെ ഭാര്യ മറ്റൊരു പുരുഷനുമായി ബന്ധം ആരംഭിക്കുകയും ചെയ്തു. കാമുകനുമൊപ്പമുള്ള നിമിഷങ്ങളിൽ ഭാര്യ ഏഴു വയസ്സുകാരിയായ മകളെ മറ്റൊരു മുറിയിലോ അലമാരയിലോ പൂട്ടിയിട്ടതായും ആരോപണമുണ്ട്. ഭാര്യയുടെ കാമുകൻ മകളെ നിരന്തരമായി ഉപദ്രവിക്കുന്നുണ്ടായിരുന്നു.
മകൾ മാതാവിനോട് ഇക്കാര്യം പല തവണ അറിയിച്ചെങ്കിലും അവർ ഇക്കാര്യം അവഗണിക്കുകയായിരുന്നു. ഒടുവിൽ മകൾ ഇക്കാര്യം പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ് മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഭാര്യയുടെ കാമുകനിൽ നിന്ന് മകൾ നിരന്തര പീഡനം ഏറ്റുവാങ്ങുന്നത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകാരിക്കാൻ ഭാര്യ തയാറായിരുന്നില്ല. ഇത് വലിയ കലഹത്തിലേക്ക് നയിക്കുകയും പ്രതി ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മകളുടെ കൺമുന്നിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. ശേഷം, പോലീസ് അധികൃതർക്ക് മുന്നിൽ പോയി കീഴടങ്ങുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണങ്ങൾക്കും വിചാരണകൾക്കുമൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് മാനസിക രോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകി. തൽഫലമായി അദ്ദേഹത്തെ എമിറേറ്റ്സിലെ ഒരു മാനസികാരോഗ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.