പത്തനംതിട്ട: റാന്നി പഴവങ്ങാടിക്കര സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ബാങ്കിന്റെ മന്ദമരുതി ബ്രാഞ്ച് മാനേജരും ചേർന്ന് 41,95,598 രൂപ നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ വിധി. പഴവങ്ങാടിക്കര ബാങ്ക് സെക്രട്ടറി, മന്ദമരുതി ബ്രാഞ്ച് മാനേജർ എന്നിവർക്കെതിരെ റാന്നി ചേത്തയ്ക്കൽ സ്വദേശി പിച്ചനാട്ടുവീട്ടിൽ പി.ആർ. അശോക് കുമാറും ഭാര്യ ഗീതാ കുമാരിയും ചേർന്ന് ഫയൽ ചെയ്ത കേസിലാണ് കമ്മീഷൻ ഈ വിധി പ്രസ്‌താവിച്ചത്. അശോക് കുമാറിനും ഭാര്യാ ഗീതാ കുമാരിക്കും ഗീതാ കുമാരിയുടെ സഹോദരൻ സുജിത് കുമാറിനും പഴവങ്ങാടിക്കര ബാങ്കിൽ ഡെപ്പോസിറ്റുകളും ചിട്ടികളും ഉണ്ടായിരുന്നതാണ്.
ചിട്ടിയുടേയും റെക്കറിംഗ് ഡെപ്പോസിന്റെയും കാലാവധി കഴിഞ്ഞപ്പോൾ ഈ മൂന്നു പേരും കിട്ടിയ തുക മുഴുവന്‍ ഈ സ്ഥാപനത്തില്‍ തന്നെ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തിരുന്നു. 8.75% പലിശ വാഗ്ദാനം ചെയ്തതുകൊണ്ടാണ് 40,70,598 രൂപാ പല അക്കൗണ്ടിലായി ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്‌തത്. ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ കാലാവധി കഴിഞ്ഞപ്പോൾ ഹൗസിംഗ് ലോൺ അടക്കുന്നതിനും മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഡെപ്പോസിറ്റ് തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോൾ 2 ദിവസത്തിനകം രൂപ നൽകാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ 8 മാസം കഴിഞ്ഞിട്ടും ഈ രൂപ കിട്ടാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ബാങ്കിലെ അംഗങ്ങൾ എടുത്തിട്ടുള്ള ലോണുകൾ തിരിച്ചടക്കാതെ നിങ്ങളുടെ രൂപ നൽകാൻ കഴിയില്ലായെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച രൂപ തിരിച്ചു കിട്ടുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുംവേണ്ടി പരാതി നല്‍കുകയായിരുന്നു.
ഹർജി പരിഗണിച്ച കമ്മീഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ബാങ്കിനെ പ്രതിനിധീകരിച്ച് അഭിഭാഷകർ ഹാജരാകുകയും ചെയ്‌തു. വാദിയെ വിസ്‌തരിക്കുകയല്ലാതെ മറ്റു തെളിവുകൾ ഒന്നും തന്നെ ബാങ്കിന്റെ ഭാഗത്തു നിന്നും നൽകിയില്ല. ഹർജി കക്ഷികൾ നൽകിയ തെളിവുകളുടേയും റിക്കാർഡുകളുടെയും അടിസ്ഥാനത്തിൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ശരിയും സത്യവുമാണെന്ന് കമ്മീഷനു ബോദ്ധ്യപ്പെടുകയും ഹർജിക്കാർ നിക്ഷേപിച്ച തുകയും 1 ലക്ഷം നഷ്ടപരിഹാരവും, 15,000 രൂപാ കോടതി ചിലവും ഉൾപ്പടെ 41,95,598 രൂപാ കേസ്സ് കമ്മീഷനിൽ ഫയൽ ചെയ്തു അന്നുമുതൽ 9% പലിശയും ചേർത്ത് 45 ദിവസത്തിനകം ഇവര്‍ക്ക് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്‌താവിക്കുകയായിരുന്നു.