കൊച്ചി : എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ നടപ്പാക്കുന്ന പദ്ധതികൾ 2025 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് അവലോകന യോഗത്തിൽ ദക്ഷണി റെയിൽവേ അറിയിച്ചു. ഹൈബി ഈഡൻ എംപിയുടെ നിർദേശത്തെ തുടർന്നാണ് അവലോകനയോഗം നടത്തിയത്. എറണാകുളം സൗത്തിൽ 299.95 കോടി രൂപയുടെയും എറണാകുളം നോർത്തിൽ 150.28 കോടി രൂപയുടെയും പദ്ധതികളാണ് ടെൻഡർ ചെയ്തത്. ആകെ 450.23 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് നടപ്പാക്കുന്നത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെസ്റ്റ് ടെർമിനൽ ബിൽഡിഫ്, ഈസ്റ്റ് ടെർമിനൽ ബിൽഡിങ്, മൾട്ടിലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, എസ്കലേറ്ററുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.
നോർത്തിൽ വെസ്റ്റ് ടെർമിനൽ ബിൽഡിഫ്, മൾട്ടിലെവൽ കാർ പാര്‍ക്കിംഗ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, വെസ്റ്റ് ടെർമിനലിലേക്ക് ആകാശപാത എന്നിവയും നടപ്പാക്കും. നിലവിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ റെയിൽവേ മേഖലയിൽ എറണാകുളം കേരളത്തിലെ നമ്പർ വൺ ആകുമെന്നും റെയിൽവേ അറിയിച്ചു. അവലോകന യോഗത്തിൽ ലക്ഷ്യമിടുന്ന പദ്ധതികളും തുടക്കം കുറിച്ച പദ്ധതികളും പ്രത്യേകം പ്രത്യേകം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പുരോഗതിയില്ലാത്ത മേഖലകളിൽ നേരിടുന്ന തടസങ്ങൾക്ക് വേണ്ട ഇടപെടലുകൾ സംബന്ധിച്ച് ഹൈബി ഈഡൻ എം പി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
റെയിൽവേ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നവീകരണ നിർമ്മാണ പുരോഗതി വിലയിരുത്തി. അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി പത്തര കോടി രൂപയാണ് തൃപ്പൂണിത്തുറ റെയിവേ സ്റ്റേഷന് വേണ്ടി അനുവദിച്ചതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. സ്റ്റേഷൻ വികസനത്തിന് അനുവദിച്ചിട്ടുള്ള ഫണ്ട് തികയാത്ത സ്ഥിതി വന്നാൽ എം പി ലാഡ്‌സ് ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കുമെന്നും എംപി വ്യക്തമാക്കി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, കെ ബാബു, സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എസ് എം ശർമ്മ, ഇലക്ട്രിക്കൽ, ഏരിയ മാനേജർ പരിമളൻ, എഞ്ചിനിയറിംഗ്, ഭരണ വിഭാഗം ഉദ്യോഗസ്ഥർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ മനു ജേക്കബ്, പദ്‌മജ എസ് മേനോൻ എന്നിവർ പങ്കെടുത്തു.