റോം : സിഒപി 26 കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് ഗ്ലാസ്ഗോയിൽ തുടക്കമാകും. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. ‘സപ്ലൈ ചെയിൻ റെസിലിയൻസ്’ എന്ന വിഷയത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
അടുത്തവര്‍ഷം അവസാനത്തോടെ അഞ്ച് ബില്യൻ കോവിഡ് വാക്സീൻ ഡോസ് നിർമിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിൽ അറിയിച്ചു. ഇന്ത്യ ലോക വ്യാപകമായി വാക്സീൻ വിതരണം ചെയ്യും. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
കോവിഡ് വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തം വഹിച്ചിരുന്നതായി ഓർമിപ്പിച്ച പ്രധാനമന്ത്രി, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ പങ്കാളിയാക്കണം എന്നും പറഞ്ഞു. ബൈഡൻ അടക്കമുള്ള ലോക നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും നിർമല സീതാരാമനും വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട്.