സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഡിജിറ്റൽ വിപണികൾ ഭരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഡിജിറ്റൽ ഉപകരണവും ഈ സ്മാർട്ട് ഫോണുകൾ തന്നെയാണ്. നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന സവിശേഷതയാണ് സ്മാർട്ട് ഫോണുകളെ ഏറെ ജനപ്രിയമാക്കിയത്. രാജ്യത്തെ ബഹുഭൂരിക്ഷം ആളുകളും ഒരു സ്മാർട്ട് ഫോണിനെങ്കിലും ഉടമയായിരിക്കും. എന്നാൽ ഏറി വന്നാൽ ഒരു പത്തോ പതിനഞ്ചോ വർഷം മാത്രമായിട്ടേയുള്ളു ഇത്തരം സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിട്ട്. അതിന് മുമ്പ് വിപണി ഭരിച്ചിരുന്നത് ഫീച്ചർ ഫോണുകൾ ആയിരുന്നു. അത്യാവശ്യം ഫോൺ ചെയ്യാനും എസ്എംഎസ് അയയ്ക്കാനും എഫ്എം റേഡിയോ കേൾക്കാനും ചെറിയ ഗെയിമുകൾ കളിക്കാനും എല്ലാം ഇത്തരം ഫീച്ചർ ഫോണുകളെ ആയിരുന്നു ഉപഭോക്താക്കൾ ആശ്രയിച്ചിരുന്നത്. പിന്നീട് സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തിയതിനെ തുടർന്നാണ് ഈ ഫീച്ചർ ഫോണുകൾ പിന്തള്ളപ്പെട്ടത്.
എന്നിരുന്നാലും ഇപ്പോളും ഇത്തരം ഫീച്ചർ ഫോണുകളെ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിലുണ്ട്. ഇവർക്കായി നിരവധി കമ്പനികൾ ഫീച്ചർ ഫോണുകളും പുറത്ത് ഇറക്കുന്നുണ്ട്. സ്മാർട്ട് ഫോണിന്റെ ചില സവിശേഷതകൾ ഉൾക്കൊള്ളിച്ച ഫീച്ചർ ഫോണുകളാണ് ഇവയിൽ ഭൂരിഭാഗവും. ഇത്തരത്തിൽ സ്മാർട്ട് ഫോണിന്റെ സവിശേഷതകളുള്ള കുറച്ചു മികച്ച ഫീച്ചർ ഫോണുകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം. ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ പ്രിമ 4ജി ആണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. യൂട്യൂബ്, ഗൂഗിൾ ആപ്പുകൾ, ഫെയ്സ്ബുക്ക് എന്നിവയെല്ലാം ജിയോ പ്രിമ 4ജിയിലൂടെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. 1,200-ലധികം ആപ്പുകൾ ഈ ഫോണിലൂടെ പ്രവർത്തിപ്പിക്കാം എന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇതിന് പുറമെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ന്യൂസ് എന്നീ ആപ്പുകൾ ഇൻബിൽഡ് ആയി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല യുപിഐ ആപ്പുകളുടെ സേവനവും ജിയോ പ്രിമ വാഗ്ദാനം ചെയ്യുന്നു. 1,299 രൂപയാണ് ഈ ഫോണിന്റെ വില.
ലാവ പൾസ് 1 ആണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റൊരു ഫോൺ. ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഫീച്ചർ ഫോണായിരിക്കും ലാവ പൾസ് 1. പേര് സൂചിപ്പിക്കുന്നത് പോലെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവയെല്ലാം ഈ ഫോണിന്റെ സഹായത്താൽ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാവുന്നതാണ്. ഫോണിൽ നൽകിയിരിക്കുന്ന ഒരു പ്രത്യേക ബട്ടണിന്റെ സഹായത്താൽ ആയിരിക്കും ഇത് സാധ്യമാകുക. 2.4 ഇഞ്ച് ഡിസ്പ്ലേ വലുപ്പമുള്ള ഈ ഫോണിന്റെ വില 1,990 രൂപ മുതലാണ്. നോക്കിയ 2660 ഫ്ലിപ് എന്ന ഫോണും മികച്ച ഫീച്ചർ ഫോണുകളുടെ പട്ടികയിൽ ഇടം പിടിയ്ക്കുന്നുണ്ട്. ഇത് ഒരു ഫ്ലിപ് ഫോൺ ആണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അകത്തെ ഡിസ്പ്ലേയുടെ വലുപ്പം 2.8 ഇഞ്ചും പുറമെയുള്ള ഡിസ്പ്ലേയുടെ വലുപ്പം 1.77 ഇഞ്ചുമാണ്. ഇന്റർനെറ്റ് ഇല്ലാതെ പണം അയയ്ക്കാൻ സാധിക്കുന്ന യുപിഐ സൗകര്യവും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.
QWERTY കീബോർഡുമായി എത്തിയ ജിയോ ഫോൺ 2 നിരവധി ഉപഭോക്താക്കളുടെ പ്രശംസ ലഭിച്ച ഒരു ഫീച്ചർ ഫോണാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ജിയോയുടെ നിരവധി ആപ്പുകൾ ഈ ഫോണിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജിയോ സ്റ്റോർ വഴി നിരവധി ആപ്പുകൾ ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ വിഭാഗത്തിൽ പെട്ട മറ്റൊരു മികച്ച ഫീച്ചർ ഫോണാണ് നോക്കിയ 5710 എക്സ് പ്രസ് മ്യൂസിക്ക്. പേര് സൂചിപ്പിക്കുന്നത് പോലെ പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫീച്ചർ ഫോണായിരിക്കും നോക്കിയ 5710 എക്സ് പ്രസ് മ്യൂസിക്ക്. ഒരു ജോടി TWS ഇയർബഡുകൾ ഈ ഫോണിനൊപ്പം ലഭിക്കുന്നതായിരിക്കും. ഇവ വെയ്ക്കാനായി പ്രത്യേകം സ്ഥലവും ഫോണിൽ ഒരുക്കിയിട്ടുണ്ട്. നോക്കിയയുടെ തന്നെ 105 ക്ലാസിക്കും മികച്ച ഒരു ഫീച്ചർ ഫോണായിരിക്കും. വെറും 999 രൂപ മാത്രമാണ് ഇതിന്റെ വില. യുപിഐ ആപ്പിന്റെ പിന്തുണ ഇവയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.