പ്രയാഗ്‌രാജ് : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പൂര്‍ മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട അഞ്ചുപേരുടെയും തലയ്ക്കാണ് അടിയേറ്റതെന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് സീനിയര്‍ പോലീസ് ഓഫീസറായ അജയ് കുമാര്‍ പറഞ്ഞു. രാം കുമാര്‍ യാദവ് (55), അദ്ദേഹത്തിന്റെ ഭാര്യ കുസും ദേവി (52), മകള്‍ മനീഷ (25), മരുമകള്‍ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു പേരക്കുട്ടിയായ സാക്ഷിക്ക് (5) ഗുരുതരമായി പരിക്കേറ്റു.
രാംകുമാറിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പോലീസ് സംഘം അഞ്ചു വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ യാദവിന്റെ മകന്‍ സുനില്‍ (30) വീട്ടിലുണ്ടായിരുന്നില്ല. അതേസമയം ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.