തെൽ അവിവ് : സഹായം പൂർണമായി വിലക്കിയിട്ട് അമ്പതു നാളുകൾ പിന്നിട്ട ഗാസ്സക്കു നേരെ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷം. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 61 ഫലസ്തീനികളാണ്. ഹമാസ് ചെറുത്തുനിൽപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. ഭക്ഷണം, മരുന്ന്, സഹായം എന്നിവക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം 50 നാളുകൾ പിന്നിട്ടിരിക്കെ, ഗാസ്സയിലെ സ്ഥിതി അത്യന്തം പരിതാപകരമെന്ന് യുഎൻ എത്രയും വേഗം ഗാസ്സക്ക് സഹായം ലഭ്യമാക്കാൻ നടപടി വേണമെന്ന് വിവിധ യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു. യുദ്ധത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് ഗാസ്സ അഭിമുഖീകരിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി.
ഇതിനിടയിലും ഗാസ്സയിലെ സിവിലിയൻ അഭയ കേന്ദ്രങ്ങൾക്കു നേരെയുള്ളള ഇസ്രായേൽ ആക്രമണം വ്യാപകമാണ്. ഇന്നലെ 61 പേരെങ്കിലും കൊല്ലപ്പെട്ടതായും 150ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകൾക്കും ടെന്‍റ് ഷെൽട്ടറുകൾക്കും നേരെയുള്ള വ്യോമാക്രമണങ്ങൾ തുടരുകയാണ്. മധ്യ ഗാസ്സയിലെ നുസൈറത്തിനടുത്തുള്ള ഒരു ടെന്‍റിൽ മൂന്ന് കുട്ടികളും ഗാസ്സ നഗരത്തിലെ ഒരു വീട്ടിൽ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ഗാസ്സയിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിലാണ് ഒരു സൈനികൻ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഹമാസിന്‍റെ ഗറില്ലാ യുദ്ധതന്ത്രങ്ങളെ കരുതിയിരിക്കമെന്ന് പ്രതിരോധ മന്ത്രാലയം സൈനികർക്ക് നിർദേശം നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശത്തിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. ഇന്നലെ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം നിർദേശം വിലയിരുത്തി. തുടർ ചർച്ചക്കായി മൊസാദ് മേധാവി ഉടൻ ഖത്തറിലെത്തുമെന്നാണ് വിവരം. 7 വർഷം വരെ നീണ്ടുനിൽക്കുന്ന സമഗ്ര വെടിനിർത്തൽ കരാർ നിർദേശമാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടു വെച്ചത്. പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് എന്നിവർക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സമർപ്പിച്ച ഹരജി അന്താരാഷ്ട്ര ക്രിമിനൽ കോടതി തള്ളി. ഐസിസിയിൽ അംഗമല്ലാതിരിക്കെ, നേതാക്കൾക്കെതിരായ അറസ്റ്റ് വാറണ്ട് നിലനിൽക്കില്ല എന്നായിരുന്നു ഇസ്രായേൽ വാദം