പത്തനംതിട്ട : കോവിഡ് കാലത്തെ കച്ചവടം പൊടിപൊടിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുകയും കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനും സംസ്ഥാനമൊട്ടാകെ ഗോപു നന്തിലത്ത് ജി മാര്‍ട്ട് പോലീസ് അടച്ചുപൂട്ടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെ ബ്രാഞ്ചും ഇന്നലെ വൈകുന്നേരത്തോടെ അടപ്പിച്ചു. കോവിഡ് രക്ഷാവലയം എന്ന പേരിലായിരുന്നു ഗോപു നന്തിലത്ത് ജി മാര്‍ട്ട് പ്രമുഖ പത്രങ്ങളില്‍ മുന്‍ പേജില്‍ ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയിരുന്നത്. കൂട്ടാതെ വീഡിയോ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് നിര്‍ഭാഗ്യവശാല്‍ കോവിഡ്-19 എവിടെ നിന്നെങ്കിലും സ്ഥിരീകരിച്ചാല്‍ പര്‍ച്ചേയ്ക് ബില്‍ തുകയുടെ ജിഎസ്ടി കഴിഞ്ഞ് പരമാവധി 50,000 രൂപ തിരികെ നല്‍കുമെന്നായിരുന്നു പരസ്യം. ഇതു കണ്ടതോടെ ഷോറൂമിലേക്ക് ആളുകളുടെ ഒഴുക്കായി. പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് രംഗത്ത് വന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ഷോറും അടച്ചു പൂട്ടുകയായിരുന്നു. സംസ്ഥാന വ്യാപകമായി ഈ പരസ്യം കട ഉടമകള്‍ നല്‍കിയിരുന്നു. എല്ലായിടത്തും പോലീസ് ഇടപെട്ട് കട പൂട്ടുകയും ചെയ്തു. ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ് കോവിഡ് രക്ഷാവലയത്തിന് നല്‍കിയിരിക്കുന്ന കാലാവധി. പരസ്യം കണ്ട് തെറ്റിദ്ധരിച്ചാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. തങ്ങള്‍ക്ക് ഇനി എവിടെ നിന്നെങ്കിലും കോവിഡ് ബാധിച്ചാല്‍ പോലും വാങ്ങിയ സാധനത്തിന്റെ പണം തിരികെ കിട്ടുമെന്ന വിശ്വാസമായിരുന്നു വന്നവര്‍ക്ക്.
രോഗവ്യാപനം തടയുവാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് കോവിഡ് വ്യാപനം ക്ഷണിച്ചുവരുത്തുന്ന പരസ്യവും കച്ചവടവും. ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചാലും തങ്ങള്‍ക്ക് കച്ചവടം നടക്കണം നടക്കണം എന്ന നിലപാടായിരുന്നു ഇവര്‍ക്ക്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നതില്‍ വിദഗ്ദരായ ഗോപു നന്തിലത്ത് ജി മാര്‍ട്ടിനെതിരെ വ്യാപകമായ ജനരോഷമാണ് ഇന്നലെയുണ്ടായത്. ഇവര്‍ക്കെതിരെ വ്യാപകമായ പരാതികളും ജനങ്ങളുടെ ഇടയില്‍ ഉണ്ട്. യഥാര്‍ഥ വിലയുടെ മൂന്നില്‍ ഒന്ന് വിലക്ക് ചില ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന പരസ്യം നല്‍കി ജനങ്ങളെ ആകര്‍ഷിക്കും. വിളിച്ചു ചോദിച്ചാല്‍ സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും രണ്ടു പീസുകള്‍ മാത്രമേ സ്റ്റോക്കുള്ളുവെന്നും പെട്ടെന്ന് എത്തിയാല്‍ വാങ്ങാമെന്നും പറയും. ഓടിപ്പിടിച്ച് ഷോറൂമില്‍ എത്തുമ്പോള്‍ സാധനം വിറ്റുപോയി എന്നും മറ്റൊരു മോഡല്‍ തരാമെന്നും പറയും. ദൂരെനിന്നും വന്നിട്ട് ആഗ്രഹിച്ച ഗൃഹോപകരണം വാങ്ങാതെ പോകുന്ന വിഷമം ഓര്‍ത്ത് മിക്കവരും സാധാരണ വിലക്ക് തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങും. ഷോറൂമില്‍ കയറുന്ന ഉപഭോക്താവിനെ ഏതുവിധേനയും പ്രലോഭനങ്ങള്‍ നല്‍കി വളച്ചെടുക്കുവാന്‍ സമര്‍ഥരും പ്രത്യേകം പരിശീലനം ലഭിച്ചവരുമാണ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാര്‍.
ഉല്‍പ്പന്നം വാങ്ങുവാന്‍ പണം തികഞ്ഞില്ലെങ്കില്‍ ഉടന്‍ ലോണ്‍ ലഭ്യമാക്കുവാന്‍ പൂജ്യം ശതമാനം പലിശ വാഗ്ദാനവുമായി പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. രൊക്കം പണം നല്‍കി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില്‍പ്പന വിലയില്‍ നിന്നും വലിയൊരു തുക ഇളവ് ലഭിക്കും. എന്നാല്‍ പൂജ്യം ശതമാനം പലിശ വാഗ്ദാനത്തില്‍ കുടുങ്ങിയാല്‍ ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പ്പന വില നല്‍കേണ്ടിയും വരും. ഇതൊന്നും ചിന്തിക്കുവാനുള്ള അവസരം ഉപഭോക്താവിന് നല്‍കാറില്ല. കാരണം രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വില്‍പ്പന വിലക്ക് സാധനം വില്‍ക്കുവാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. 15000 രൂപ പരമാവധി വില്‍പ്പന വില രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഫ്രിഡ്ജ് രൊക്കം പണം നല്‍കി വിലപേശി വാങ്ങിയാല്‍ 3500 രൂപയോളം വിലയില്‍ കുറഞ്ഞു കിട്ടും. 30000 രൂപ വില രേഖപ്പെടുത്തിയ എ.സി 6000 രൂപയോളം കുറച്ച് വില്‍ക്കുന്നവരുണ്ട്. മിക്ക ഉല്‍പ്പന്നങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് വലിയ തുകയാണ്. ഇക്കാര്യത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അജ്ഞരുമാണ്.
നിങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കാം…ഇതിലൂടെ മറ്റുള്ള ഉപഭോക്താക്കളെങ്കിലും സത്യം മനസിലാക്കട്ടെ – Whatsapp 751045 3033
https://www.facebook.com/mediapta/videos/298244511244912/