തിരുവനന്തപുരം : മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 130 ശതമാനം അധികമഴ. 22 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 52 സെമീ. ഇന്നും നാളെയും ഉത്തരകേരളത്തിലും മറ്റും കനത്ത മഴ തുടർന്നാൽ ഇത് പിന്നെയും ഉയരും. കേരള തീരത്തെ തൊട്ടുരുമ്മി കടന്നുപോയ ന്യൂനമർദം ചുഴലിക്കാറ്റാകുന്നതിനിടെ കഴിഞ്ഞ 4 ദിവസമായി ലഭിച്ച മഴയാണ് പ്രീമൺസൂൺ – വേനൽ മഴയുടെ കണക്കുകളിലെ സമീപകാല റെക്കോർഡായത്. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാല മഴയിലും ഈ വർഷം റെക്കോർഡായിരുന്നു.
2 സെമീ ലഭിക്കേണ്ട സ്ഥാനത്ത് 11 സെമീ ലഭിച്ചപ്പോൾ വർധന 409 ശതമാനം. കാസർകോട്ടും മറ്റും ഇത് 4000 മടങ്ങ് അധികമായിരുന്നു. കഴിഞ്ഞ വർഷം 7 ശതമാനം മാത്രമായിരുന്നു പ്രീമൺസൂൺ അധിക മഴ. കാലാവസ്ഥാ മാറ്റം കേരളത്തിലെ മഴയുടെ പെയ്ത്തുരീതികളിൽ വ്യക്തമായ മാറ്റം വരുത്തിയെന്നതിന്റെ സൂചനയാണിതെന്ന് കൊച്ചി സർവകലാശാലയിലെ ഡോ. എം.ജി. മനോജ് പറഞ്ഞു.