തൃശ്ശൂര്‍ : കോവിഡ് കാലത്ത് ഏറ്റവും തിരിച്ചടി കിട്ടിയ ഒരു വിഭാഗമാണ് ബസ് ഉടമകളും ജീവനക്കാരും. സര്‍വീസ് നടത്താനാവാതെ പലരും ബസുകള്‍ വില്‍ക്കുകയാണ്. അതും വളരെ താഴ്ന്ന വിലയ്ക്ക്. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 60 ബസുകള്‍ വിറ്റതായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. സത്യന്‍ പറഞ്ഞു. വിലപേശി രണ്ടുലക്ഷത്തിനുവരെ വില്‍പ്പന നടന്നിട്ടുണ്ട്.
ബസുകള്‍ മാത്രം വിറ്റ് പെര്‍മിറ്റ് ഉടമകള്‍ മരവിപ്പിച്ച് നിര്‍ത്തുകയാണ്. ബസുകള്‍ സാധാരണനിലയില്‍ ഓടാന്‍ തുടങ്ങിയാല്‍ പെര്‍മിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. ഇന്ധനം, ടയര്‍, സ്‌പെയര്‍പാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തില്‍ വന്‍തുക ഉടമകള്‍ക്ക് ബാധ്യതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്‍കിട വസ്ത്ര ആഭരണ ശാലകള്‍, ആശുപത്രികള്‍ എന്നിവയും പഴയ ബസുകള്‍ വാങ്ങുന്നുണ്ട്.
ഒന്നിലേറെ ബസുകളുള്ള കമ്പനികളാണ് പഴയ ബസുകള്‍ വാങ്ങാനായി കൂടുതലായി വരുന്നത്. 15 വര്‍ഷം സര്‍വീസ് നടത്തിയ ബസുകള്‍ നഗരപരിധിയില്‍ ഓടിക്കാനാവില്ല. അവ നഗരത്തിനു പുറത്തേക്ക് മാറ്റി സര്‍വീസ് നടത്തണം. നഗരത്തില്‍നിന്ന് മാറ്റുന്ന ബസുകള്‍ക്കു പകരം ഓടിക്കാനും നഗരത്തിനു പുറത്ത് ഓടിക്കാനുമാണ് കമ്പനികള്‍ ബസ് വാങ്ങുന്നത്.