ന്യൂഡല്‍ഹി: ആശുപത്രികളില്‍ ഒക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. പിഎം കെയര്‍ ഫണ്ടില്‍ നിന്നാകും ഇതിന് പണം കണ്ടെത്തുക. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ഉള്ള ആശുപത്രികളില്‍ ആകും പ്ലാന്റുകള്‍ സ്ഥാപിക്കുക. രാജ്യത്തെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കല്‍ ഓക്സിജന്‍ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതുവഴി അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.