തിരുവനന്തപുരം: മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി മാത്രം. യാത്രക്കാർക്ക് കിട്ടിയത് 434 പുതിയ ബസുകൾമാത്രമാണ്. ഇതിനിടെ കാലപ്പഴക്കത്തിൽ 1047 ബസുകൾ പൊളിച്ചുവിറ്റു. 1736 ബസുകളാണ് കോവിഡിനെത്തുടർന്ന് നിർത്തിയിട്ടത്. ഇവയിൽ പകുതിയും ഉപേക്ഷിക്കേണ്ടിവന്നു. പൊതുഗതാഗതത്തിന്റെ ഭാവിവികസനംകൂടി കണക്കിലെടുത്ത് സർക്കാർ സഹായധനം വിനിയോഗിക്കാൻ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിമാസ പെൻഷനുള്ള 70 കോടിയും ശമ്പളത്തിനുള്ള 50 കോടിയും സർക്കാർ സഹായത്തിൽനിന്നാണ് കണ്ടെത്തുന്നത്. ശമ്പളവും പെൻഷനും ഏറ്റെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ വായ്പയായിട്ടാണ് അനുവദിക്കുന്നത്.
തിരിച്ചടയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ എഴുതിത്തള്ളുകയാണ് പതിവ്. ജൂണിലെ കണക്കുപ്രകാരം നിലവിൽ 12,372 കോടിയാണ് സർക്കാരിനുനൽകേണ്ടത്. കൂടുതൽ ബസുകളിറക്കി വരുമാനം വർധിപ്പിക്കുന്നതിനുപകരം സർക്കാർ സഹായത്തിൽനിന്ന് ശമ്പളവും പെൻഷനും കൊടുത്ത് നീങ്ങുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ മാനേജ്മെന്റിനുമുന്നിൽ മറ്റുവഴികളുമില്ല. വിദഗ്ധസമിതി ശുപാർശപ്രകാരം സ്ഥിരംജീവനക്കാർ 33,000-ൽനിന്നും 22,000 ആക്കി ചെലവുകുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടാത്തതിനാൽ പ്രതിദിനവരുമാനം 7.50 കോടിയിൽനിന്ന് ഉയർന്നിട്ടില്ല. ഇത് 10 കോടിയാക്കിയാൽ സ്വയംപര്യാപ്തതയിലെത്താം.