ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ബസില്‍ മുപ്പത്തഞ്ചിലധികം യാത്രക്കാരുണ്ടായിരുന്നു. എഞ്ചിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ഹിരിയൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ഉടന്‍ പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീകെടുത്തിയെങ്കിലും ബസ് പൂര്‍ണമായി കത്തി നശിച്ചു. ജില്ലാ എസ് പി രാധിക അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരുടെ ആരോപണം.. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പോലീസ് അറിയിച്ചു.