ന്യൂഡല്‍ഹി : അമേരിക്കയില്‍ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നത് കണക്കിലെടുത്ത്, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. യുഎസിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ജനുവരി 19 മുതലുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്. റദ്ദാക്കിയതും വൈകുന്നതുമായ വിമാനസര്‍വീസുകളുടെ വിവരങ്ങള്‍ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്യുന്നുണ്ട്. 5ജി സേവനം നടപ്പാക്കുമ്പോള്‍ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്ന് യുഎസ് എയര്‍ലൈന്‍ മേധാവിമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി.
യുഎസ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 5ജി സേവനങ്ങള്‍ വിമാന സര്‍വീസിനെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. 15,000 വിമാനങ്ങള്‍, 1.25 ദശലക്ഷം യാത്രക്കാര്‍, ചരക്കുഗതാഗതം എന്നിവയയെല്ലാം 5ജി ബാധിക്കുമെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി. റണ്‍വേയുടെ അടുത്ത് 5 ജി സംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍, 5 ജി തരംഗങ്ങള്‍ വിമാനങ്ങളിലെ ആശയവിനിമയത്തിന് തടസ്സമുണ്ടാക്കും. ടേക്ക് ഓഫ്, ലാന്‍ഡിങ്, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ സുപ്രധാന സുരക്ഷാ കാര്യങ്ങളെ 5ജി ദോഷകരമായി ബാധിക്കാമെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടി. 5 ജി ഉപകരണങ്ങളുടെ പ്രവര്‍ത്തനം മൂലമുള്ള തടസത്തെ തുടര്‍ന്ന് പലപ്പോഴും വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ വേണ്ടിവരും. വ്യോമയാന സുരക്ഷയും പ്രതിസന്ധിയിലാകുമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.