പത്തനംതിട്ട: അഞ്ചു വയസുകാരി മര്‍ദ്ദനമേറ്റു മരിച്ചു. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നഗരസഭ പതിനാറാം വാര്‍ഡിലെ കുമ്പഴ മണിയന്‍കുറിച്ചിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കനകയുടെ മകള്‍ സത്ജന (5) ആണ് കൊല്ലപ്പെട്ടത്.
പത്തനംതിട്ട നഗരസഭയിലെ കുമ്പഴയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ്. കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുമ്പഴയില്‍ വെച്ച് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി ഓടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറയുന്നു. കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായി അമ്മ കനക മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പോലീസ് ചോദ്യംചെയ്യുകയാണ്. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇന്ക്വസ്റ്റ് നടപടികള്‍ വൈകിട്ട് ഏഴുമണിയോടെ പൂര്‍ത്തിയായി. ശരീരത്തില്‍ മുനയുള്ള എന്തോ കൊണ്ട് കുത്തിയതായി കാണുന്നുണ്ട്. കയ്യില്‍ വരഞ്ഞ രീതിയില്‍ മുറിവുമുണ്ട്. നെഞ്ചത്തും നെറ്റിയിലും കരുവാളിച്ച പാടുകളും വ്യക്തമാണ്.