പത്തനംതിട്ട: മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് ആറോളം നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പുതിയ കാലഘട്ടത്തില്‍ ഫാസിസ്റ്റു കടന്ന് കയറ്റം രാജ്യത്തു ശക്തമായിവരുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും അതിന്റെ ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിനും മാത്രമേ കഴിയൂവെന്നും ഇവര്‍ പറഞ്ഞു.
അതിനാല്‍ ലീഗ്ബന്ധം ഉപേക്ഷിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപം കൊടുത്ത ആദര്‍ശ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ന്യൂനപക്ഷങ്ങളും പിന്നോക്ക ജന വിഭാഗങ്ങളും അതിക്രൂരമായി ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്തുവരേണ്ട മുസ്ലീം ലീഗ് എം.പിമാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സമയം ഉപയോഗപ്പെടുത്തുന്നില്ല. ന്യൂനപക്ഷ നിലപാടുകളും അത്തരം നിയമ നിര്‍മ്മാണങ്ങളും നടക്കുന്ന ഘട്ടത്തില്‍ അവര്‍ അവരുടെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലിമെന്റിനു പുറത്തുപോകുന്ന കാഴ്ചയാണ് കാണുന്നതെന്നും മുസ്ലീലീഗിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗിന് സമുദായത്തെ സഹിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റും മുസ്ലീംലീഗ് അംഗവുമായ നിസാര്‍ നൂര്‍മഹല്‍, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നജീബ് ചുങ്കപ്പാറ, ഷാജി മാങ്കോട്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ കോന്നി, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി അജീസ് മുഹമ്മദ്, യൂത്തീഗ് ജില്ലാ കമ്മിറ്റിയംഗം അല്‍ത്താഫ് സലീം, മുന്‍ പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലറും വനിതാലീഗ് മുന്‍ സെക്രട്ടറിയുമായ ഷംസിയ റഷീദ് എന്നിവരാണ് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.