ടോക്കിയോ : ജപ്പാനിൽ സൈക്കിൾ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ആറ് മാസം തടവ് ശിക്ഷ വിധിക്കാൻ നിയമം ഭേദഗതി ചെയ്തു. ജപ്പാനിലെ പകുതിയിലധികം ആളുകളും സൈക്കിൾ ഗതാഗതമാണ് ഇഷ്ടപ്പെടുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സൈക്കിൾ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈക്കിൾ ഓടിക്കുമ്പോഴുള്ള അശ്രദ്ധമൂലമുള്ള അപകടങ്ങളുടെ എണ്ണവും പലമടങ്ങ് വർധിച്ചു. ഈ സാഹചര്യത്തിലാണ് ഭരണകൂടം നിയമഭേദഗതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം മാത്രം 72,000 സൈക്കിൾ അപകടങ്ങളാണ് ഉണ്ടായത്. രാജ്യവ്യാപകമായി നടക്കുന്ന മറ്റ് വാഹനാപകടങ്ങളുടെ 20 ശതമാനവും ഇത് തന്നെയാണ്. സൈക്കിൾ അപകടങ്ങൾ നിയന്ത്രിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.
അപകടകാരണം സംബന്ധിച്ച് സർക്കാർ കൂടിയാലോചന നടത്തി. സൈക്കിൾ ചവിട്ടുമ്പോൾ ഭൂരിഭാഗം ആളുകളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ഇത് ഉയർന്ന അപകടങ്ങൾക്ക് കാരണമാകുന്നു. ഇതാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന് കണ്ടെത്തി. ഇതോടെ ഗതാഗത നിയമങ്ങളിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നു. സൈക്കിൾ ചവിട്ടുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കാനോ ഇൻ്റർനെറ്റ് ഉപയോഗിക്കാനോ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവോ 50,000 രൂപ വരെ പിഴയോ ലഭിക്കും. മദ്യപിച്ച് സൈക്കിൾ ഓടിച്ചാൽ 3 വർഷം തടവോ ഏകദേശം മൂന്ന് ലക്ഷം രൂപ പിഴയോ ലഭിക്കും.