ലണ്ടൻ : മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത വിമർശനവും ആരാധകരുടെ രൂക്ഷമായ പ്രതിഷേധവും ഫിഫ, യുവേഫ അധികൃതരുടെ താക്കീതും ഒടുവിൽ ഫലം കണ്ടു. കൂടുതൽ സാമ്പത്തിക നേട്ടങ്ങളിൽ കണ്ണുവച്ച് യുവേഫ ചാംപ്യൻസ് ലീഗിനു സമാന്തരമായി യൂറോപ്പിലെ 12 വൻകിട ക്ലബ്ബുകൾ ചേർന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ (ഇഎസ്എൽ) നിന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള ആറു ക്ലബ്ബുകളും പിൻമാറ്റം പ്രഖ്യാപിച്ചു. ‘ബിഗ് സിക്സ്’ എന്നറിയപ്പെടുന്ന ആറു ക്ലബ്ബുകളാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. ‘തെറ്റു തിരുത്തി’ തിരിച്ചെത്തിയ ഇംഗ്ലിഷ് ക്ലബ്ബുകളെ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ‘യുവേഫ കുടുംബ’ത്തിലേക്ക് സ്വാഗതം ചെയ്തു.
മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആർസനൽ, ടോട്ടനം ഹോട്സ്പർ എന്നീ ടീമുകളാണ് സൂപ്പർ ലീഗിൽനിന്ന് പിൻമാറിയത്. ഇതോടെ സൂപ്പർ ലീഗുമായി സഹകരണം പ്രഖ്യാപിച്ച ടീമുകളിൽ ശേഷിക്കുന്ന ക്ലബ്ബുകളുടെ എണ്ണം ആറായി കുറഞ്ഞു. സ്പെയിനിൽനിന്ന് റയൽ മഡ്രിഡ‍്, ബാർസിലോന, അത്‍ലറ്റിക്കോ മഡ്രിഡ് എന്നിവയും ഇറ്റലിയിൽനിന്ന് യുവെന്റെസ്, ഇന്റർ മിലാൻ, എസി മിലാൻ എന്നീ ടീമുകളുമാണ് ഇപ്പോഴും ലീഗുമായി സഹകരിക്കുന്നത്.
യൂറോപ്യൻ സൂപ്പർ ലീഗുമായി സഹകരണം പ്രഖ്യാപിച്ച് 48 മണിക്കൂർ പിന്നിടും മുമ്പാണ് ആറു ടീമുകളും ഒന്നിച്ച് പിൻമാറ്റവും പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉൾപ്പെടെയുള്ളവരും മുന്‍ താരങ്ങളും ആരാധകരും കൂട്ടത്തോടെ സൂപ്പർ ലീഗിനെതിരെ രംഗത്തെത്തിയിരുന്നു. സൂപ്പർ ലീഗ് ക്ലബ്ബുകൾക്കെതിരെ അഭിപ്രായം സ്വരൂപിക്കാനും നടപടികൾ തീരുമാനിക്കാനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ലീഗുമായി സഹകരിക്കുന്ന ക്ലബ്ബുകൾക്കും താരങ്ങൾക്കും വിലക്ക് എന്ന ഭീഷണിയുമായി യുവേഫയും ഫിഫയും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പിൻമാറ്റം. ഇംഗ്ലിഷ് ക്ലബ്ബുകൾ കൂട്ടത്തോടെ പിൻമാറിയതോടെ ലീഗിന്റെ നിലനിൽപ്പും ഭീഷണിയിലായി. ആരാധക രോഷം തണുപ്പിക്കുന്നതിന്, ലീഗുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ ആർസനൽ പരസ്യമായി ക്ഷമ പറയുകയും ചെയ്തു.
പ്രധാന ക്ലബ്ബുകൾ സൂപ്പർ ലീഗുമായി സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ടീമുകളുടെ മത്സരം നടക്കുന്ന മൈതാനങ്ങൾക്കു പുറത്ത് സംഘടിച്ചും ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾക്ക് പുറത്ത് സമ്മേളിച്ചും ഇവർ പ്രതിഷേധം അറിയിച്ചു. മാത്രമല്ല ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ മറ്റ് 14 ക്ലബ്ബുകളുടെയും അധികൃതർ സമ്മേളിച്ച് സൂപ്പർ ലീഗിനെ തള്ളിപ്പറയുകയും ചെയ്തു.
ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവരും പുതിയ ലീഗിനോടുള്ള അതൃപ്തി പരസ്യമാക്കി. മുൻ താരങ്ങളായ ഡേവിഡ് ബെക്കാം, എറിക് കാന്റണ, മുൻ ഇംഗ്ലിഷ് താരങ്ങളായ ഗാരി ലിനേക്കർ, മൈക്കൽ ഓവൻ തുടങ്ങിയവരും സൂപ്പർ ലീഗിനെതിരെ പ്രതികരിച്ചു. ഇപ്പോഴും കളത്തിൽ സജീവമായ ജോർദാൻ ഹെൻഡേഴ്സൻ, കെവിൻ ഡിബ്രൂയ്നെ, മാർക് റാഷ്ഫഡ് തുടങ്ങിയവരും ലീഗിനോടുള്ള താൽപര്യക്കുറവ് തുറന്നു പ്രകടിപ്പിച്ചു.
യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ ശക്തമായ താക്കീതുമായി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും അടക്കം രംഗത്തെത്തിയിരുന്നു. ഒന്നുകിൽ അകത്ത് അല്ലെങ്കിൽ പുറത്ത് എന്നതാണ് വിമത ക്ലബ്ബുകൾക്കുള്ള മുന്നറിയിപ്പെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. അർധമനസ്സോടെ ആർക്കും ഫിഫയിലും യുവേഫയിലും തുടരാനാകില്ലെന്നും ഇൻഫന്റിനോ പറഞ്ഞു. സൂപ്പർ ലീഗിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ച യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ, ക്ലബ്ബുകൾക്കു തെറ്റു തിരുത്തി തിരിച്ചു വരാൻ ഇനിയും അവസരമുണ്ടെന്നും പറഞ്ഞു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കും സൂപ്പർ ലീഗിനെ അപലപിച്ചു. ‘യൂറോപ്യൻ കായികരംഗം ലാഭക്കൊതിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു’ – ബാക്ക് പറഞ്ഞു.
സൂപ്പർ ലീഗിന്റെ സ്ഥാപക അംഗങ്ങളായ 12 ക്ലബ്ബുകളെയും വിലക്കണമെന്നു ജർമൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടു. സൂപ്പർ ലീഗിനെ ‘ഫുട്ബോളിന്റെ മരണം’ എന്നാണ് ലാ ലിഗ മേധാവി ഹവിയർ ടെബാസ് വിശേഷിപ്പിച്ചത്.
യൂറോപ്യൻ സൂപ്പർ ലീഗിനെതിരെയുള്ള പ്രതിഷേധം ഫുട്ബോൾ മൈതാനത്തേക്കും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിനു മുമ്പ് ‘ഫുട്ബോൾ ആരാധകർക്കു വേണ്ടി’ എന്നെഴുതിയ ജഴ്സികളുമണിഞ്ഞാണു ലീഡ്സ് യുണൈറ്റഡ് താരങ്ങൾ വാംഅപ്പ് ചെയ്തത്. കിക്കോഫിനു തൊട്ടു മുൻപു മൈതാനത്തിനു മുകളിലൂടെ ‘സേ നോ ടു സൂപ്പർ ലീഗ്’ എന്നെഴുതിയ ഒരു ബലൂൺ വിമാനം പറന്നു. ലീഡ്സിന്റെ സ്റ്റേഡിയമായ എലാൻഡ് റോഡിനു പുറത്ത് ആരാധകർ സംഘടിച്ച് പ്രതിഷേധം തീർക്കുകയും ചെയ്തു.