ന്യൂഡല്‍ഹി : ആഭ്യന്തര വിമാന സര്‍വീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസിന് അഞ്ചുമുതല്‍ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസിനും വിവിധ കാരണങ്ങളാല്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ചെലവേറും. ഇങ്ങനെ 170-ലധികം സര്‍വീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ബോംബ് ഭീഷണി മൂന്ന് അക്കൗണ്ടുകളില്‍നിന്നാണ് വന്നത്. ഇവ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ ചൊവ്വാഴ്ച 50 ഭീഷണികളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എട്ടുകേസുകളെടുത്തു.
ഭീഷണികള്‍ തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കാതെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. ബോംബ് ഭീഷണി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യാന്‍ സ്വകാര്യ നെറ്റ് വര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ആഭ്യന്തരമന്ത്രാലയ ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡിഗോയുടെ ഡല്‍ഹി-ദമാം, ഈസ്താംബൂള്‍-മുംബൈ, ഈസ്താംബൂള്‍-ഡല്‍ഹി, മംഗലാപുരം-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ് -ജിദ്ദ, ലഖ്നൗ-പുണെ എന്നിവയ്ക്കും ചൊവ്വാഴ്ച ഭീഷണിയുണ്ടായി.
യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായി കമ്പനി വക്താവ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായ വിവരം വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും സ്ഥിരീകരിച്ചു. സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പിന്തുടരുന്നതായി ആകാശ എയര്‍ വക്താവ് വ്യക്തമാക്കി. ഇ-മെയില്‍ സന്ദേശങ്ങള്‍ വഴിയും ഭീഷണി ലഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന വാക്കുകളും വരികളും ഉള്‍ക്കൊള്ളിച്ചാണ് വ്യാജ സന്ദേശങ്ങളെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ ബോംബ് ഭീഷണി മുഴക്കിയ 17 വയസ്സുകാരനെ മുംബൈ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു.