ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം. ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു.
അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു. ഏപ്രിൽ എട്ട് മുതൽ വിമാനത്താവളത്തിലെ 10/28 നമ്പർ റൺവേ അടച്ചിട്ടിരിക്കുകയാണ്. റൺവേ അടച്ചിടുന്ന കാര്യം നാല് മാസം മുമ്പ് തന്നെ വിമാനകമ്പനികളേയും എ.ടി.സിയേയും അറിയിച്ചിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ വിശദീകരിക്കുന്നത്. മുന്നറിയിപ്പിന് അനുസരിച്ച് വിമാന ഷെഡ്യൂൾ ക്രമീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം.
എന്നാൽ ഇതുസംബന്ധിച്ച് വിമാനകമ്പനികൾ പ്രതികരണം നടത്തിയിട്ടില്ല. ഞായറാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന 501 സർവീസുകളും ഡൽഹിയിലേക്കുള്ള 384 സർവീസുകളും വൈകിയിരുന്നു. ആകെ 1300 സർവീസുകളാണ് ഡൽഹി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. ഇതിൽ 68 ശതമാനം വിമാനസർവീസുകളും വൈകി. ഒരു മണിക്കൂർ വരെ വൈകിയാണ് വിമാനസർവീസുകൾ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഡൽഹിയിലേക്ക് എത്തുന്ന വിമാന സർവീസുകൾ 75 മിനിറ്റ് വരെ വൈകി. നേരത്തെ ഡൽഹിയിലേക്കുള്ള വിമാന സർവീസ് വൈകിയതിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തിയിരുന്നു.