സമ്പാല്‍പൂര്‍: ഒഡിഷയിലെ സമ്പാല്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് കനാലിലേക്ക് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ കാറില്‍ 14 പേരുണ്ടായിരുന്നുവെന്നാണ് വിവരം. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം 20 നും 30 ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ 02:30 നാണ് സമ്പാല്‍പൂര്‍ പോലീസിനും അഡ്മിനിസ്ട്രേഷനും അപകട വിവരം ലഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാര്‍ പൂര്‍ണമായും കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പോയി. അപകടം എങ്ങനെയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അന്വേഷണ ശേഷം മാത്രമേ അതേ കുറിച്ച് അറിയാനാകൂവെന്നും പോലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.