പഞ്ച്കുല: ഹരിയാനയിൽ ഒരു കുടുംബത്തിലെ 7 പേർ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27ലാണ് ഡെറാഡൂൺ സ്വദേശികളുടെ കാർ ഇന്നലെ രാത്രി കണ്ടെത്തിയത്. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ പഞ്ച്കുലയിലെ ഒഴിഞ്ഞ മേഖലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 12, 13 വയസ് പ്രായമുള്ള പെൺകുട്ടികളും 14 വയസുള്ള ഇവരുടെ സഹോദരനും മരിച്ചവരിൽ ഉൾപ്പെടുന്നു.
നേരത്തെ ഇവർ ചണ്ഡിഗഡിലായിരുന്നു താമസിച്ചിരുന്നത്. വിൻഡ് ഷീൽഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു കാറുണ്ടായിരുന്നത്. സെക്ടർ 27ലൂടെ പോയ വഴിയാത്രക്കാരിലൊരാൾക്ക് കാറിന്റെ വിൻഡ് ഷീൽഡിലെ തുണി കണ്ട് തോന്നിയ സംശയത്തിന് പിന്നാലെയാണ് യാത്രക്കാരെ അവശനിലയിൽ കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ച് ഇവരെ സമീപത്തെ ഓജസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.