തൃശൂര്‍: വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോയി ചുറ്റികയ്ക്ക് തലയ്ക്കടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. അക്രമണത്തില്‍ പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല ബാലനെ (70) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വര്‍ണാഭരണമാണ് സംഘം കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെ തിരൂര്‍ സെന്ററിലാണു സംഭവം. അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു സുശീല. ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു.
ആദ്യം മടിച്ചെങ്കിലും ഒട്ടോയില്‍ യുവതിയെക്കണ്ടപ്പോള്‍ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല . യുവതി നിര്‍ബന്ധിച്ചപ്പോള്‍ സുശീല ഓട്ടോയില്‍ കയറുകയായിരുന്നു. എന്നാല്‍ വഴിയില്‍ ഇറങ്ങണമെന്ന് സുശീല ആവശ്യപ്പെട്ടെങ്കിലും മറ്റൊരു വഴി പോകാമെന്നു വിശ്വസിപ്പിച്ചു. തുടര്‍ന്ന് സ്ഥലത്തെ കനാല്‍ ബണ്ടിനു സമീപത്തെ വിജനമായ ഭാഗത്തെത്തിയപ്പോള്‍ ഡീസല്‍ നിറയ്ക്കാനെന്ന പേരില്‍ ഡ്രൈവര്‍ വണ്ടി നിറുത്തി ഇറങ്ങി.
ഇയാള്‍ കയ്യിലൊരു ചുറ്റിക കരുതിയിരുന്നു. യുവതി പ്ലാസ്റ്റിക് കയറെടുത്തു സുശീലയുടെ കഴുത്തില്‍ കുരുക്കി. വായില്‍ തോര്‍ത്തും തിരുകി. മാല പൊട്ടിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോള്‍ സുശീല കയറും മാലയും ഒന്നിച്ചുപിടിച്ചു പ്രതിരോധിച്ചു. മാല മുക്കുപണ്ടമാണെന്നു സുശീല പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. ശേഷം ഡ്രൈവര്‍ സുശീലയുടെ തലയിലും നെറ്റിയിലും ചുറ്റിക കൊണ്ടു പലവട്ടം അടിച്ചു. സുശീലയെ ഡാമില്‍ തള്ളാന്‍ ഒരു കിലോമീറ്ററോളം വീണ്ടും വണ്ടിയോടിച്ചെങ്കിലും ആരെങ്കിലും കാണുമെന്നു ഭയന്ന് റോഡരികില്‍ തള്ളുകയായിരുന്നു.