അസം: അസമിൽ കോടികളുടെ ലഹരിവേട്ട. വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40 ചെറിയ പെട്ടികളിലായി ഒളിപ്പിച്ച 520 ഗ്രാം ഹെറോയിൻ എന്നിവയാണ് കണ്ടെടുത്തത്. വാഹനം ഓടിച്ച രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. നൂർ ഇസ്‍ലാം (34), നസ്റുൽ ഹുസൈൻ എന്ന അലി ഹുസൈൻ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസിന്റെ സ്പെഷൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) വൻ ലഹരിവേട്ട നടത്തിയത്.
ഇതിൽ നസ്റുൽ ഹുസൈൻ ഓടിച്ച വാഹനത്തിൽ നിന്നും നാല് കോടിയുടെ ഹെറോയിനും നൂർ ഇസ്ലാം ഓടിച്ച വാഹനത്തിൽ നിന്നും 67 കോടിയുടെ ലഹരി വസ്തുക്കളുമാണ് പിടിച്ചെടുത്തത്. എസ് ടി എഫ് മേധാവി പാർത്ഥസാരഥി മഹന്തയുടെ നേതൃത്വത്തിലാണ് ഓപറേഷൻ നടന്നത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇത്രയും വലിയ വേട്ട നടത്തിയ സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നന്ദി പറഞ്ഞു.