ഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിലാണ് അരങ്ങേറുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും.
ഡല്‍ഹിയും പരിസരവും രണ്ടുദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളില്‍ നിയോഗിച്ചതായി ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക്ദിനത്തില്‍ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും. പരമ്പരാഗത സൈനികബാന്‍ഡുകള്‍ക്കുപകരം ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും.