തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവിവരങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്യുന്നതായി ആക്ഷേപം. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്കായുള്ള സ്കോര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഇ-ഗ്രാന്റ്സ് (www.egrantz.kerala.gov.in) എന്ന വെബ്സൈറ്റിലാണ് വന്‍സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അഖിലേഷ് ബി ചന്ദ്രനാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
സംസ്ഥാനത്ത് സ്വകാര്യ ഡേറ്റ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് പേരുടെ സ്വകാര്യവിവരങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്ത വിവരം പുറത്തുവരുന്നത്. വിദ്യാർത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉള്‍പ്പടെ ലക്ഷക്കണക്കിന് ഫയലുകള്‍ വെബ്സൈറ്റില്‍നിന്ന് നിഷ്പ്രയാസം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. 2.68 ലക്ഷത്തിലേറെ പേരുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകളുടെ ഒന്നാം പേജിന്റെ പകര്‍പ്പുകളാണ് ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ കിടക്കുന്നത്. വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും പാസ്ബുക്ക് വിവരങ്ങളും മറ്റ് വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.