റാന്നി : 79-ാമത് റാന്നി ഹിന്ദുമതസമ്മേളനം എട്ടുമുതൽ 11 വരെ രാമപുരം മഹാവിഷ്ണുക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. എട്ടിന് വൈകിട്ട് അഞ്ചിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനംചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. കൊല്ലം പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. രാവിലെ 10-ന് പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം സമ്മേളനനഗറിൽ പതാകയുയർത്തും. രാവിലെ ആറുമുതൽ ഭാഗവതപാരായണം, 10.30-ന് രവിവാരപാഠശാല മത്സരങ്ങൾ, നാലിന് ഓട്ടൻതുള്ളൽ, സോപാനസംഗീതം, രാത്രി ഏഴിന് ഡോ. എം.എം. ബഷീറിന്റെ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
ഒൻപതിന് വൈകിട്ട് അഞ്ചിന് നടക്കുന്ന അയ്യപ്പധർമസമ്മേളനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണവും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണവും നടത്തും. രാവിലെ ആറിന് ഭാഗവതപാരായണം, എട്ടിന് സമ്പൂർണ നാരായണീയപാരായണം, നാലിന് കൈകൊട്ടിക്കളി, രാത്രി ഏഴിന് ഹരികൃഷ്ണൻ വായ്പൂരിന്റെ പ്രഭാഷണം എന്നിവ നടക്കും. 10-ന് വൈകിട്ട് 5.30-ന് നടക്കുന്ന വനിതാ സമ്മേളനം മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ഡി. രമ ഉദ്ഘാടനം ചെയ്യും. കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ മാതാജി കൃഷ്ണാനന്ദ പൂർണിമാമയി അധ്യക്ഷത വഹിക്കും. അന്ന് രാവിലെ ആറിന് ഭാഗവതപാരായണം, നാലിന് സ്മിത എസ്. നായരുടെ പ്രഭാഷണം, 4.30-ന് തിരുവാതിരകളി, രാത്രി ഏഴിന് പ്രിയംവദ കാർത്തിക പിഷാരടിയുടെ പ്രഭാഷണം എന്നിവ ഉണ്ടാകും.
11-ന് രാവിലെ 10-ന് നടക്കുന്ന രവിവാരപാഠശാല സമ്മേളനം ഇടപ്പാവൂർ ശ്രീവിദ്യാധിരാജ തീർഥപാദാശ്രമത്തിലെ സ്വാമി സവാത്മാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്യും. കേരള മതപാഠശാല അധ്യാപകപരിഷത്ത് പ്രസിഡന്റ് വി.കെ. രാജഗോപാൽ അധ്യക്ഷത വഹിക്കും. അജയ് ഹാച്ചറീസ് മാനേജിങ് ഡയറക്ടർ പി.വി. ജയൻ സമ്മാനദാനം നിർവഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനംചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. എ. അജികുമാർ അധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം നൃത്തശില്പം ഉണ്ടാകും.