തലശ്ശേരി : വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി 79കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. എടക്കാട് കുണ്ടത്തില്‍മൂല കൈരളി വായനശാലക്കു സമീപത്തെ പൂവള്ളിയില്‍ വീട്ടില്‍ സി.പി വിജേഷിനെയാണ് (40) തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (4) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്. 376 (2) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസംകൂടി തടവ് അനുഭവിക്കണം. ഐ.പി.സി 452, 354, 506 (II) വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ അഞ്ചു മാസം വീതം തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
2018 ഡിസംബര്‍ 25ന് വൈകീട്ട് ആറരക്കാണ് കേസിനാസ്പദമായ സംഭവം. എടക്കാട് അയ്യപ്പമഠത്തിനടുത്ത് വീട്ടില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. ഓഫിസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചുകയറിയ പ്രതി വരാന്തയിലിരിക്കുകയായിരുന്ന സ്ത്രീയെ പിടിച്ചുവലിച്ച് ഓഫിസ് മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്ത്രീയുടെ നിലവിളികേട്ട് അടുത്ത വീട്ടുകാര്‍ ഓടിവരുന്നത് കണ്ടപ്പോള്‍ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. അടുത്ത വീട്ടുകാര്‍ ഓടിവന്നില്ലായിരുന്നെങ്കില്‍ പ്രതി കത്തികൊണ്ട് കുത്തിക്കൊല്ലുമായിരുന്നു എന്നും സ്ത്രീയുടെ പരാതിയിലുണ്ട്. എടക്കാട് പോലീസാണ് കേസ് ചാര്‍ജ് ചെയ്തത്.