ആലപ്പുഴ : ആലപ്പുഴയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു എ എം പ്രജിത്ത്. മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കാട്ടൂർ വിസിറ്റേഷൻ സ്കൂൾ അധികൃതർ.