വൈക്കം : തലചായ്ക്കാൻ ഒരുപിടി മണ്ണിനായി കൊതിച്ചവർക്ക് മനസ്സുനിറഞ്ഞ് കിടപ്പാടം കിട്ടി. വൈക്കം വല്ലകം വടക്കേടത്ത് സേവ്യർ കുര്യനും സഹോദരി മേരി ജെയിംസുമാണ് എട്ട് നിർധനകുടുംബങ്ങൾക്ക് അഞ്ചുസെന്റ് വീതം ഭൂമി നൽകിയത്. അമേരിക്കയിൽ സ്ഥിരതാമസക്കാരാണ് സേവ്യർ കുര്യനും മേരി ജെയിംസും. അമ്മ മറിയക്കുട്ടിയുടെ കാലശേഷം സ്ഥലം മേരി ജെയിംസിന്റെ പേരിൽ നിയമപരമായി കൈമാറിയിരുന്നു.
ഈ സ്ഥലം സ്വന്തമായി മണ്ണില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവരുടെ കിടപ്പാടത്തിനായി നൽകണമെന്നുള്ള മേരി ജെയിംസിന്റെ മനസ്സിൽ കാത്തുസൂക്ഷിച്ച ആഗ്രഹമാണ് വ്യാഴാഴ്ച സഹോദരൻ സേവ്യർ കുര്യൻ നിറവേറ്റിയത്. വൈക്കം സബ് രജിസ്ട്രാർ ഓഫീസിൽ എട്ട് കുടുംബങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർചെയ്ത് കൈമാറി. ഓരോ കുടുംബത്തെയും സ്ത്രീകളുടെ പേരിലാണ് രജിസ്ട്രേഷൻ. സ്ത്രീകളുടെ സുരക്ഷിതത്വമാണ് ഇതിന്റെ ലക്ഷ്യം. 12 വർഷത്തിനുള്ളിൽ സ്ഥലം കൈമാറ്റംചെയ്യാനോ പണയപ്പെടുത്താനോ പാടില്ലെന്ന് നിയമപരമായി വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്ത് 11-ാം വാർഡിലെ റോഡരികിൽപ്പെട്ട സ്ഥലമാണ് എട്ട് പ്ലോട്ടായി തിരിക്കുന്നത്.
സ്ഥലത്തിന്റെ ഉടമകളാകാനെത്തിയവർക്ക് വീട്ടിൽ വിളിച്ചുവരുത്തി ബിരിയാണി വിളമ്പി സ്നേഹം പങ്കുവെച്ചാണ് യാത്രയാക്കിയത്. കിടപ്പാടമില്ലാതെ വിഷമിച്ച അർഹരായവരെ കണ്ടെത്താൻ പഴയമഠത്തിൽ തങ്കച്ചനാണ് മുൻകൈ പ്രവർത്തനം നടത്തിയത്. എം.ആർ.ഷാജിയും സഹായിച്ചു. വീടുവയ്ക്കാൻ സ്ഥലം നല്കിയ വടക്കേടത്ത് കുടുംബാംഗങ്ങളെ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്കരൻ അഭിനന്ദിച്ചു. ഇവർക്ക് വീടുവയ്ക്കാൻ സർക്കാർസഹായം ലഭ്യമാക്കാൻ ഇടപെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.