ലണ്ടന്‍: യുകെയില്‍ എക്‌സ്എല്‍ ബുള്ളി ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ 84കാരന്‍ മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ഇയാള്‍ ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. വയോധികനെ ആക്രമിച്ച എക്‌സ്എല്‍ ബുള്ളി നായയെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വെടിവച്ച് കൊന്നു. ഫെബ്രുവരി 24-ന് വാറിങ്ടണില്‍ വീട്ടിലേക്ക് നടക്കുന്നതിനിടെയിലാണ് വയോധികനെ നായ ആക്രമിച്ചത്. സംഭവത്തില്‍ ലിവര്‍പൂൾ സ്വദേശിയായ ഷോണ്‍ ഗാര്‍ണറിനെ(30)തിരെ പോലീസ് കേസെടുത്തു. ഇയാളുടെ നായയാണ് വൃദ്ധനെ ആക്രമിച്ചത്. പോര്‍നായയെ ഉടമസ്ഥതയില്‍ വെച്ചതും അപകടകാരിയായ നായയെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാത്തതുമാണ് ഷോണിനെതിരെ ചുമത്തിയ കുറ്റം.
വളരെ ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും കുടുംബത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സൈമന്‍ മില്‍സ് പറഞ്ഞു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ രക്ഷിക്കാനായില്ലെന്നും സൈമൻ പറഞ്ഞു. എക്‌സ്എല്‍ ബുള്ളി നായ്ക്കളുടെ ആക്രമണങ്ങള്‍ കാരണം മൂന്ന് വര്‍ഷത്തിനിടെ യുകെയില്‍ 23 മരണങ്ങളുണ്ടായിട്ടുണ്ട്. 2023-ല്‍ ഇവയെ നിരോധിച്ചു. തല്‍ഫലമായി, എക്‌സ്എല്‍ ബുള്ളികളെ പൊതുസ്ഥലങ്ങളില്‍ മൂക്ക് കെട്ടണമെന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ, എക്‌സ്എല്‍ ബുള്ളി നായ്ക്കളെ പ്രജനനം ചെയ്യുന്നത്, വില്‍ക്കുന്നത്, പരസ്യം ചെയ്യുന്നത്, സമ്മാനിക്കുന്നത്, കൈമാറ്റം ചെയ്യുന്നത്, ഉപേക്ഷിക്കുന്നത് അല്ലെങ്കില്‍ തെരുവിലേക്ക് അലയാന്‍ അനുവദിക്കുന്നത് തുടങ്ങിയവയും നിയമവിരുദ്ധമാണ്.