കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം കടയ്ക്കലിലാണ് എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
13 കാരിയെ ജനുവരി 23 ന് വൈകീട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മരണം സംഭവിച്ച് ഇത്രദിവസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയുമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പോലീസ് പറയുന്നു.