മുംബൈ: മഹാരാഷ്ട്രയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 9 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോര്‍ട്ടു ചെയ്തു. മുംബൈയില്‍ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 5,421 പേര്‍ കോവിഡ് ബാധിതരാണ്. ഇതില്‍ 1,577 പേര്‍ മുംബൈയിലാണ്. ഇന്നലെ 919 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വകഭേദമായ എക്‌സ്ബിബി.1.16 ആണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 7,830 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇത് ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ദ്ധിക്കുകയും തുടര്‍ന്ന് കുറയുകയും ചെയ്യും. രാജ്യത്ത് കോവിഡ് എന്‍ഡെമിക് ഘട്ടത്തിലാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.