ബംഗളൂരു: നഗരത്തിൽ സുഖയാത്ര നടത്താൻ ഈ വർഷം 921 ഇലക്ട്രിക് ബസുകൾ കൂടി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) ഭാഗമാകും. നഗരത്തെ മലിനീകരണ മുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. നിലവിൽ 300 ബി.എം.ടി.സി ബസുകളാണു നഗരത്തിൽ സർവിസ് നടത്തുന്നത്. ഘട്ടം ഘട്ടമായി ഇവയുടെ എണ്ണം വർധിപ്പിച്ച് പൂർണമായും ഇലക്ട്രിക് ബസുകളിലേക്കു മാറാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തന ചെലവ് കുറക്കാൻ വാടക കരാർ വ്യവസ്ഥയിൽ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നത്. കിലോമീറ്ററിനു 41 രൂപയാണ് ടാറ്റക്ക് ബി.എം.ടി.സി നൽകുക. നഗരത്തിൽ കഴിഞ്ഞ ദിവസം ടാറ്റയുടെ സ്റ്റാർബസ് (ഇലക്ട്രിക്) നിരത്തിലിറക്കിയിരുന്നു.
ടാറ്റയിൽ നിന്ന് വാടക അടിസ്ഥാനത്തിൽ വാങ്ങുന്ന 921 നോൺ എ.സി ഇലക്ട്രിക് ബസുകളിൽ ആദ്യ ബസാണിത്. 96-എ നമ്പർ ബസ് മജസ്റ്റിക്കിൽനിന്നു പുറപ്പെട്ട് സുജാത ടാക്കീസ്, രാജാജിനഗർ, ഹവനുർ സർക്കിൾ, മോഡി ഹോസ്പിറ്റൽ, ഹരിഷ്ചന്ദ്രഘട്ട് എന്നിവയിലൂടെ തിരികെ മജസ്റ്റിക്കിൽ തന്നെയാണ് എത്തുക. ആദ്യദിന ഓട്ടം വിജയകരമായിരുന്നു. ഒരു ദിവസം ആകെ 204 കിലോമീറ്റർ ഈ ബസ് സർവിസ് നടത്തും. 12 മീറ്റർ നീളമുള്ള ബസ് 45 മിനിറ്റുകൊണ്ട് ഫുൾ ചാർജാകും. ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടി.എം.എൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡും ബി.എം.ടി.സിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് ഇത്തരത്തിലുള്ള 921 ബസുകൾ വാടകക്ക് ബി.എം.ടി.സിക്ക് നൽകുക. 12 വർഷത്തേക്ക് ഇതിന്റെ പ്രവർത്തനവും പരിപാലനവും നിർവഹിക്കുക ടാറ്റ മോട്ടോഴ്സ് ആയിരിക്കും. സുഖയാത്രക്കുപുറമെ അന്തരീക്ഷ മലിനീകരണം ഏറെ കുറക്കാനും ഈ ബസുകൾക്ക് കഴിയുന്നു.ഡ്രൈവറെ ടാറ്റ കമ്പനിയാണ് നിയമിക്കുക. എന്നാൽ, കണ്ടക്ടർ ബി.എം.ടി.സി ജീവനക്കാരനായിരിക്കും.