ഒല്ലൂര്‍: ഇലക്ഷന്‍ അര്‍ജന്റ്’ എന്ന വ്യാജ ബോര്‍ഡ് വെച്ച് കാറിലെത്തിയ സംഘം പച്ചക്കറി ലോറിയില്‍ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തു. ദേശീയപാതയില്‍ മരത്താക്കര പുഴമ്പള്ളത്ത് പുലര്‍ച്ചെ മൂന്നിനാണു സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
തമിഴ്‌നാട്ടില്‍ നിന്നു മൂവാറ്റുപുഴയ്ക്കു പോയ പച്ചക്കറി ലോറിയില്‍ നിന്നാണു പണം നഷ്ടപ്പെട്ടത്. ഇത്രയും വലിയ തുക ലോറിയില്‍ കൊണ്ടുപോയതിലും സംശയമുണ്ട്. ലോറിക്കു മുമ്പില്‍ കാര്‍ നിര്‍ത്തിയ ശേഷം പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അല്‍പ്പ സമയത്തിനു ശേഷം ലോറിക്കരികില്‍ ജീവനക്കാരെ തിരിച്ചിറക്കി വിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നാണു പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കാതെ ജീവനക്കാര്‍ നേരേ മൂവാറ്റുപുഴയ്ക്കു പോകുകയാണു ചെയ്തതത്. പിന്നീട് ഉടമയെത്തിയ ശേഷമാണു പരാതി നല്‍കിയത്.