പത്തനംതിട്ട : മഴ ശക്തമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നഗരത്തിലെ 13 വാര്‍ഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ നഗരസഭയില്‍ ആറു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് തീരുമാനിച്ചു. ഓരോ ക്യാമ്പിലും നഗരസഭ ജീവനക്കാരെ ചുമതലക്കാരായി നിശ്ചയിച്ചു. ആവശ്യമായ ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 9656487682 എന്ന നമ്പറില്‍ ബന്ധപ്പെടാം.
യോഗത്തില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. അജിത് കുമാര്‍, അംബിക വേണു, ജെറി അലക്‌സ്, ഇന്ദിരാമണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, പ്രതിപക്ഷനേതാവ് ജാസിം കുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വിമല ശിവന്‍, ഷീന രാജേഷ്, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ള ബീഗം, മുനിസിപ്പല്‍ എന്‍ജിനീയര്‍ സുധീര്‍ രാജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീസ് പി മുഹമ്മദ്, എസ്. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.