ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചു ഡൽഹി ഹൈക്കോടതിയിൽ ഹർജി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് വാങ്ചുക്ക്. ഓരോ ദിവസം കഴിയും തോറും സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വഷളാകുകയാണ്. സോനത്തിനെ ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി എത്തിയത്.
സോനം വാങ്ചുക്കിൻ്റെ അഭിഭാഷകനായ രാകേഷ് കുമാർ സെയ്നി ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം കൂടി സമരം തുടർന്നാൽ വാങ്ചുക്കിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ പറയുന്നു. സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാനായി ആവശ്യമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ പാനീയം നൽകണമെന്നും ഹർജിയിൽ പറഞ്ഞു.






























