മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. മലബാര്‍ ഹില്‍ ഏരിയയിലെ ചേരിയില്‍ താമസിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള 14കാരിയെയാണ് ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടുകാരോട് വഴക്കിട്ടതിനു ശേഷം പെണ്‍കുട്ടി മലബാർ ഹില്ലിൽ നിന്ന് ടാക്‌സിയിൽ മലാഡിലെ മാൽവാനിയിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു. കുടുംബം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
വക്കോല പോലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ തെരുവിൽ അലഞ്ഞുതിരിയുന്ന പെൺകുട്ടിയെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ ശ്രീപ്രകാശ് പാണ്ഡെ(27), കാറില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ലോഡ്ജ് ഉടമയായ സല്‍മാന്‍ ഷെയ്ഖ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിൻസീറ്റിലിരുന്ന ഷെയ്ഖ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയെ മാൽവാനിയിൽ ഇറക്കിവിട്ടു. പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.