തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥനത്ത് ഇന്നലെ ആറ് മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകൾ മരിച്ചത്. വെള്ളക്കെട്ടിൽ വീണ് കോട്ടയം അയ്മനത്ത് വയോധികൻ മരിച്ചു. അയ്മനം സ്വദേശി ഭാനുകറുമ്പനാണ് (73) മരിച്ചത്. വീടിന് മുന്നിലെ മഴവെള്ളകെട്ടിൽ വീണായിരുന്നു മരണം. ചങ്ങനാശേരിയിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയായ ആദിത്യ ബിജു (18) ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. തിരുവനന്തപുരം പാറശാലയിൽ വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് ഗൃഹനാഥൻ മരിച്ചത്.
പാറശാല ചെറുവാരക്കോണം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ആര്യനാടാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്. അക്ഷയ് (15) ആണ് മരിച്ചത്. കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ പിരളശ്ശേരി സിഎസ്‌ഐ പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ കാൽ വഴുതി വീണ തൊഴിലാളി മരിച്ചു. മാവേലിക്കര തഴക്കര പൂമാത്തറയിൽ ശശി ചന്ദ്രൻ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോഴിക്കോട് വടകര മണിയൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണായിരുന്നു പതിനേഴുകാരൻ മരിച്ചത്. വടകര സ്വദേശി മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.