മലപ്പുറം : മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ഉണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പതിനാറുകാരനായ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ പഠനമുറിയില്‍ വെച്ച് കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റഡി ഹാളില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിറകില്‍ നിന്ന് വന്ന് വിദ്യാര്‍ത്ഥി ചുറ്റിപ്പിടിച്ചു തുടര്‍ച്ചയായി കുത്തുകയായിരുന്നു. പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് പരുക്കേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാര്‍ത്ഥികളും ഓടിയെത്തിയാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തില്‍ മലപ്പുറം പോലീസ് കേസ് എടുത്തിട്ടുണ്ട്. മനപ്പൂര്‍വം കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അക്രമമെന്ന പേരിലാണ് കെസെടുത്തത്. സംഭവത്തിന്റെ തലേ ദിവസം ഇരു വിദ്യാര്‍ത്ഥികളും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിറ്റേന്ന് സ്റ്റഡി റൂമില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി തുടര്‍ച്ചയായി മുതുകില്‍ കുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കുത്തിയ വിദ്യാര്‍ത്ഥി പെട്ടെന്ന് ഹൈപ്പര്‍ ടെന്‍ഷനാകുന്ന പ്രകൃതക്കാരനായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ മൂലമുള്ള അക്രമമാണ് നടന്നതെന്നും പോലീസ് പറയുന്നു. എന്‍ട്രന്‍സ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്.