പൂനെ: കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി. മുഖത്ത് സ്പ്രേ അടിക്കുകയും തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിനു ശേഷം ഇയാള്‍ യുവതിയുടെ ഫോണില്‍ സെല്‍ഫിയെടുക്കുകയും ‘ഇനിയും വരു’മെന്ന് ഫോണിൽ എഴുതുകയും ചെയ്തു. പുണെയിലെ കോണ്ട്വ സ്വദേശിയായ യുവതിയാണ് അതിക്രമത്തിനിരയായത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് പ്രതി കൊറിയർ വിതരണം ചെയ്യാനെന്ന മട്ടിൽ വീടിനുള്ളിൽ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് കൊറിയർ ഒന്നും വരാനില്ലെന്ന് യുവതി പറഞ്ഞിട്ടും, കൊറിയർ ഉണ്ടെന്നും ഒപ്പ് വേണമെന്നും അക്രമി നിർബന്ധം പിടിച്ചു.
തുടർന്ന് വാതിൽ തുറന്നപ്പോൾ, മുഖത്ത് സ്പ്രേ അടിക്കുകയും ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ലൈംഗികാതിക്രമത്തിന് ശേഷം, സ്ത്രീയുടെ ഫോണിൽനിന്ന് ഒരു സെൽഫിയും അക്രമി എടുത്തു. ‘ഞാൻ തിരിച്ചുവരും’ എന്ന ഭീഷണിയും അതിനൊപ്പം കുറിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച പൂനെയിൽ 17 വയസ്സുകാരിയെ രണ്ടുപേർ ബൈക്കിലെത്തി ലൈംഗികമായി ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. ദിവസങ്ങളുടെ വിത്യാസത്തിലുണ്ടായ ഈ രണ്ടു സംഭവങ്ങളും പൂനെ നിവാസികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.