കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ വീണ്ടും കൊൽക്കത്തയിൽ പീഡനം. സർക്കാർ ആശുപത്രിയിൽ രോഗിയായ കുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെയാണ് ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിന്‍റെ (ഐ.സി.എച്ച്) കുട്ടികളുടെ വാർഡിലാണ് കുട്ടിയും അമ്മയും കിടന്നിരുന്നത്. ആശുപത്രിയിൽ വാർഡ് ബോയിയായി ജോലിചെയ്യുന്ന തനയ് പാൽ (26) കുട്ടികളുടെ
വാർഡിൽ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തനയിന്‍റെ മൊബൈൽ ഫോറൻസിക് പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പീഡനം ആവർത്തിക്കപ്പെടുകയാണെന്നും ബി.ജെ.പി ഐ.ടി സെൽ തലവനും പശ്ചിമ ബംഗാൾ ഇൻചാർജുമായ അമിത് മാളവ്യ പറഞ്ഞു.
‘സുരക്ഷ വർധിപ്പിക്കണമെന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കാൻ മമത ബാനർജി തയ്യാറാവാത്ത സാഹചര്യത്തിലും സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്’. അദ്ദേഹം എക്‌സിൽ കുറിച്ചു. ഈ ആഴ്ച ആദ്യം കൊൽക്കത്തയിലെ കസ്ബ മേഖലയിൽ ഓടുന്ന ബസിൽ വെച്ച് സഹയാത്രികൻ യാത്രക്കാരിയെ പീഡിപ്പിച്ചിരുന്നു. യുവതി നിലവിളിക്കാൻ തുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ പ്രതിയെ പിടികൂടി മർദിക്കുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ സർക്കാർ നടത്തുന്ന ആശുപത്രിയിൽ നഴ്‌സ് പീഡനത്തിനിരയായതും ഈ ആഴ്ച തന്നെയാണ്.