കാൺപൂർ (ഉത്തർപ്രദേശ്): ടൈം മെഷീനുപയോഗിച്ച് വൃദ്ധരായവരെ ചെറുപ്പക്കാരാക്കാമെന്ന അവകാശ വാദവുമായി എത്തിയ ദമ്പതികൾ കോടികളുമായി മുങ്ങി. ഈ രീതിയിൽ 60 വയസ്സുള്ളയാളെ 25ലെത്തിക്കാമെന്ന് വാഗ്ദാനം നൽകി 35 കോടിയോളം രൂപ തട്ടിയ ദമ്പതികളെയാണ് പോലീസ് തിരയുന്നു. യുപിയിലെ കാൺപൂരിലാണ് സംഭവം. ദമ്പതികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ ക്ലിനിക് തുടങ്ങി 35 കോടിയോളം രൂപ പറ്റിച്ചത്. ഇസ്രായേലിൽ നിന്ന് കൊണ്ടുവന്ന യന്ത്രമാണ് പ്രായം കുറക്കാൻ ഉപയോഗിക്കുന്നതെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ‘ഓക്‌സിജൻ തെറപ്പി’ എന്നു പേരിട്ട ചികിത്സയിലൂടെ പ്രായമായവരുടെ യുവത്വം വീണ്ടെടുക്കാമെന്ന് ഇവർ ഉപഭോക്താക്കളെ വിശ്വസിപ്പിക്കുകയായിരുന്നു.
മലിനമായ അന്തരീക്ഷം മൂലം എല്ലാവരും അതിവേഗം പ്രായമാവുകയാണെന്നും മാസങ്ങൾക്കുള്ളിൽ ‘ഓക്സിജൻ തെറാപ്പി’ നിങ്ങളെ യുവത്വത്തിലേക്ക് രൂപാന്തരപ്പെടുത്തുമെന്നും പറഞ്ഞാണ് ഇവർ ആളുകളെ കബളിപ്പിച്ചത്. 10 സെഷനുകൾക്കായി 6000 രൂപ മുതൽ 90,000 രൂപ വരെയായിരുന്നു നിരക്കുകളെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥ അഞ്ജലി വിശ്വകർമ പറഞ്ഞു. 10.75 ലക്ഷം രൂപ വഞ്ചിച്ചുവെന്നാരോപിച്ച് തട്ടിപ്പിന് ഇരയായവരിൽ ഒരാളായ രേണുസിങ് പോലീസിൽ പരാതി നൽകി. നൂറുകണക്കിന് ആളുകളിൽ നിന്ന് 35 കോടി രൂപ തട്ടിയെടുത്തതായാണ് പോലീസ് കണക്കുകൂട്ടുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പോലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. ഇവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു.