ലണ്ടന്‍: യുകെയില്‍ മുന്‍ മന്ത്രി പ്രീതി പട്ടേലിന് അസഭ്യങ്ങള്‍ നിറഞ്ഞ കത്ത് അയച്ച 65കാരന് അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ചയാണ് പൂനീരാജ് കനാക്കിയ എന്നയാളെ ശിക്ഷിച്ചത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു പ്രീതി പട്ടേല്‍.
കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് കത്ത് പ്രീതി പട്ടേലിന്റെ ഓഫീസിലെത്തിയത്. പേഴ്‌സണല്‍ സ്റ്റാഫിലെ ഒരു അംഗമാണ് കത്ത് തുറന്ന് വായിച്ചത്. പ്രീതി നേരിട്ട് കത്ത് കണ്ടില്ലെങ്കിലും അയച്ച വ്യക്തിയെ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. കത്തിലെ ഉള്ളടക്കം അസഭ്യങ്ങള്‍ നിറഞ്ഞതായിരുന്നു. തന്നെ പിടികൂടില്ലെന്നായിരുന്നു കനാക്കിയയുടെ വിശ്വാസം. എന്നാല്‍, ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും കുറ്റക്കാരനെ കണ്ടെത്തുകയുമായിരുന്നു.