പത്തനംതിട്ട: പതിനഞ്ചു വയസ്സുകാരിയെ ബലാത്സഗം ചെയ്ത കേസിൽ 73 കാരന് 47 വര്‍ഷം കഠിന തടവും പിഴയും. റാന്നി വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി വെട്ടിക്കൽ കുഞ്ഞുമോനാണ് പ്രതി. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജ് അയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. 47 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 25 മാസം അധിക കഠിന തടവുമാണ് ശിക്ഷ. ഇന്ത്യൻ പീനൽ കോഡ് 506ാം വകുപ്പ് പ്രകാരവും പോക്സോ ആക്ടിലെ 3, 4 (2), 5 (l), 6, എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാന്നി സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായിരുന്ന പെണ്‍കുട്ടി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോള്‍ സമീപത്തെ റബ്ബർ തോട്ടത്തിനരികെ കാത്തു നിന്ന പ്രതി പെണ്‍കുട്ടിയെ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സഗം ചെയ്യുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാൽസംഗത്തിനിരയാക്കി. പ്രതിയുടെ പൂർവ്വകാല സ്വഭാവം അറിയാവുന്ന പ്രദേശവാസിയായ ഒരു സ്ത്രീ സംശയകരമായ സാഹചര്യത്തിൽ പല പ്രാവശ്യം പ്രതിയേയും പെൺകുട്ടിയേയും കാണാനിടയായി. ഇതേതുടര്‍ന്ന് ഇവര്‍ പെൺകുട്ടിയുടെ പള്ളിവികാരിയെ അറിയിക്കുകയും പെൺകുട്ടിയ്ക്ക് കൗൺസിലിംഗ് നല്‍കുകയുമായിരുന്നു. തുടർന്ന് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. സുരേഷാണ് അന്വേഷണം നടത്തിയത്.
പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ ശക്തമായി എതിർത്തു. ചെറുമകളുടെ പ്രായം മാത്രമുള്ള പെൺകുട്ടിയെ നിരന്തരമായി ബലാൽസംഗം ചെയ്തതിലൂടെ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയാണ് വെളിപ്പെടുന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാല്‍ സമൂഹത്തിൽ ഇത്തരം കുറ്റവാളികൾക്ക് ഇതൊരു ശക്തമായ മുന്നറിയിപ്പാകുമെന്നും അതിനാല്‍ യാതൊരുവിധ ഇളവുകളും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു.