കൊച്ചി: മൂന്നര മണിക്കൂറോളം ചതുപ്പിൽ മുങ്ങിക്കിടന്ന വയോധികയെ അഗ്നി രക്ഷാസേന രക്ഷിച്ചു. കൊച്ചി മരട് കൂട്ടുങ്കൽതിട്ടയിൽ കമലാക്ഷിയെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തത്. മരട് സെന്റ് ആൻ്റണീസ് റോഡിന് സമീപത്തെ ചതുപ്പിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് 76 കാരിയായ കമലാക്ഷി വീണത്. അടുത്തു കിടന്ന മരച്ചില്ലയിൽ പിടി കിട്ടിയതിനാൽ കൂടുതൽ ആഴത്തിലേക്ക് മുങ്ങിയില്ല. സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രക്ഷപെടുത്താനുള്ള വഴിയൊരുങ്ങിയത്. തുടർന്ന് ഫയർഫോഴ്സെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വീടിന്റെ നിർമാണത്തിനു വേണ്ടിയെടുത്ത പൈലിങ്ങിനു ശേഷമാണ് ചതുപ്പുണ്ടായത്.
വീട്ടിലേക്ക് പോകുന്ന വഴിയിൽ കുഴിയിലേക്ക് കമലാക്ഷിയമ്മ വീഴുകയായിരുന്നു. കഴുത്തറ്റം ചതുപ്പിൽ മുങ്ങിയ നിലയിലായിരുന്നു. സമപീത്തുള്ള വീടിന്റെ ടെറസിൽ തുണിയെടുക്കാനെത്തിയ സ്ത്രീയാണ് കമലാക്ഷിയമ്മയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ ഫയർ ഫോഴ്സ് യൂണിറ്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. രക്ഷപെടുത്തിയ സ്ത്രീയെ ഫയർഫോഴ്സ് ആശുപത്രിയിലെത്തി. കമലാക്ഷിയമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.