തിരുവനന്തപുരം : രാജ്യസഭാ എം.പിയായി നാട്ടിലെത്തിയ അഡ്വ.എ.എ റഹീമിന് സ്വീകരണം ഒരുക്കി നാട്ടുകാര്‍. ചടങ്ങിനെക്കാള്‍ ഏറെ ശ്രദ്ധ നേടിയത് നാട്ടുകാര്‍ എം.പിക്ക് നല്‍കിയ സമ്മാനമാണ്. അനുമോദിക്കാനെത്തിയവരെല്ലാം എം.പി ക്ക് സമ്മാനിച്ചത് കുടകളായിരുന്നു. വ്യത്യസ്തമായ അനുമോദന ചടങ്ങിനെ കുറിച്ചും, ഉപഹാരത്തെ കുറിച്ചും റഹീം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :കുട കൊണ്ടൊരു പുതിയ മാതൃക ഇന്നലെ എന്റെ നാട് എനിക്കൊരുക്കിയ സ്വീകരണമായിരുന്നു. പഠിച്ചും കളിച്ചും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയും വളര്‍ന്ന നാട്ടില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ എനിക്കൊരുക്കിയ സ്വീകരണം.
സ്വീകരണത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരു പുതിയ മാതൃക ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഫലകങ്ങളും, പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാന്‍ സംഘാടക സമിതി നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. വരുന്നവരെല്ലാം കുടകള്‍ കൊണ്ടുവരണം. സ്വീകരണമായി കുടകള്‍. ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകള്‍. കുടകള്‍ ശേഖരിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. ഞങ്ങളുടെ പഞ്ചായത്തിലെ എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ കുടകള്‍ വിതരണം ചെയ്യും.
ഈ ആശയത്തോട് നാട്ടുകാരില്‍ നിന്നുമുണ്ടായത് മികച്ച പ്രതികരണമായിരുന്നു. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ഷേത്ര കമ്മിറ്റികള്‍, ജമാഅത്ത് കമ്മിറ്റികള്‍, ക്ളബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യക്തികള്‍….എന്നിങ്ങനെ സ്വീകരിക്കാന്‍ എത്തിയവര്‍ എല്ലാവരും കുടകളുമായി വന്നു. നല്ല കാര്യമായതിനാല്‍ ചിലര്‍ ഒട്ടനവധി എണ്ണം കുടകള്‍ സ്വീകരണമായി തന്നു. ഒരു സഹോദരീ നൂറു കുടകളുമായാണ് എത്തിയത്. രണ്ടായിരത്തോളം കുടകളാണ് സ്വീകരണത്തില്‍ ലഭിച്ചത്. വരും ദിവസങ്ങളില്‍ ഈ കുടകള്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കൊണ്ടുപോയി സമ്മാനമായി നല്‍കും.
പലപ്പോഴും ലഭിക്കുന്ന മെമെന്റോകള്‍ വയ്ക്കാന്‍ സ്ഥലം ഇല്ലാതെ ഉപേക്ഷിക്കുന്ന നിലയുണ്ട്. എന്റെ മാത്രം കാര്യമല്ല, പൊതുരംഗത്തെ എല്ലാവരുടെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയാണ്. നല്ല വില കൂടിയ ഫലകങ്ങളും പൊന്നാടകളും ആവശ്യത്തിലേറെ ലഭിക്കും. എണ്ണം കൂടുമ്പോള്‍, സ്നേഹപൂര്‍വ്വം ഇതെല്ലാം നല്‍കിയ ആളുകളോട് നമുക്ക് നീതിപുലര്‍ത്താന്‍ കഴിയാതെവരും. സൂക്ഷിക്കാന്‍ സ്ഥലം തികയാതെ ബുദ്ധിമുട്ടും. പ്രത്യേക ഗുണം ഒന്നും സമൂഹത്തിനു ഇത് കൊണ്ട് നമുക്കാര്‍ക്കും നല്‍കാനും കഴിയില്ല. അതേസമയം, മേല്പറഞ്ഞ പോലുള്ള മാതൃകകള്‍ ആവര്‍ത്തിച്ചാല്‍ സമൂഹത്തിന് അത് വലിയ ഉപകാര പ്രദമാകും. ഇനിയും മെമെന്റോകള്‍ നല്കാന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ ഇത്തരം മാതൃകകള്‍ സ്വീകരിക്കണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
മോറാന്‍ മോര്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗം മന്ത്രി ജി.ആര്‍ അനില്‍ ഉദ്‌ഘാടനം ചെയ്തു. ഡി.കെ മുരളി എംഎല്‍എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, സിപിഐ എം ഏരിയ സെക്രട്ടറി ഇ.എ സലിം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മലങ്കര സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജിലെ ആശാഭവനിലുള്ള 4 ഭാവനരഹിതര്‍ക്ക് ക്ളീമിസ് കാതോലിക്കാബാവ നല്‍കിയ ഭൂമിയില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് വച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ ചടങ്ങില്‍വച്ചു കൈമാറി. ഫാദര്‍ ജോസ് കിഴക്കേടത്ത് ചെയര്‍മാനും അഡ്വ.ആര്‍.അനില്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് സ്വീകരണമൊരുക്കിയത്. സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ്, സമന്വയ ഗ്രന്ഥശാല, സരസ്വതി മന്ദിരം ഗ്രന്ഥശാലയും സംയുക്തമായാണ് സംഘാടനം നടത്തിയത്.